ബ്രിട്ടനില്‍ വീണ്ടും തൊഴിലില്ലായ്മ താഴുകയും, ശമ്പളവര്‍ദ്ധന മെല്ലെപ്പോക്കിലാകുകയും ചെയ്തതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ശമ്പള വളര്‍ച്ച രണ്ട് വര്‍ഷത്തോളമായി ഏറ്റവും താഴ്ന്ന നിലയിലാണ്, 4.9%.
മൂന്ന് മുന്‍ മാസങ്ങളിലെ 5.9 ശതമാനത്തില്‍ നിന്നുമാണ് നിരക്ക് താഴ്ന്നത്. ഇപ്പോഴും പണപ്പെരുപ്പത്തെ മറികടന്നുള്ള ശമ്പളവര്‍ദ്ധന തുടരുന്നുണ്ട്. സിപിഐ പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ആഗസ്റ്റ് വരെ മൂന്ന് മാസങ്ങളില്‍ 2.6 ശതമാനമാണ് വരുമാനം ഉയര്‍ന്നത്.
2023 സമ്മറില്‍ 8 ശതമാനത്തിന് അരികിലെത്തിയ ശേഷമാണ് വരുമാന വര്‍ദ്ധന കുത്തനെ താഴ്ന്നത്. ശമ്പള വളര്‍ച്ച നേരിടുന്നുണ്ടെങ്കിലും മുന്‍പത്തെക്കാള്‍ ഇതിന്റെ വേഗത കുറഞ്ഞിട്ടുണ്ട്.
എന്നിരുന്നാലും മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് ഇത്. അടുത്ത മാസത്തെ യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള അവസരമാണ് ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മുന്നില്‍ വെയ്ക്കുന്നത്.
അതേസമയം സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെയിലെ തൊഴിലവസരങ്ങളിലും ഇടിവ് നേരിട്ടു. 34,000 വേക്കന്‍സികള്‍ കുറഞ്ഞ് 841,000 വേക്കന്‍സികളാണ് ഇപ്പോഴുള്ളത്. മുന്‍ കണക്കുകളില്‍ 4.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് 4 ശതമാനമായി കുറഞ്ഞത്. വേക്കന്‍സികള്‍ തുടര്‍ച്ചയായ 27-ാം തവണയാണ് കുറയുന്നത്.