50 ശതമാനം ട്രാഫിക് പിഴയിളവ്; കാലാവധി ആറു മാസം കൂടി നീട്ടി സൗദി അറേബ്യ
സൗദിയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ പിഴകള്‍ 50 ശതമാനം ഇളവോടെ അടയ്ക്കാന്‍ അനുവദിച്ച കാലാവധി വ്യാഴാഴ്ച (സെപ്തംബര്‍ 17) രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചത്.
വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒന്നിച്ചോ ഓരോന്നായോ അടയ്ക്കാവുന്നതാണ്. അതിനെല്ലാം ഇളവ് ആനുകൂല്യം ലഭിക്കും. പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താന്‍ പാടില്ലെന്നും നിബന്ധയുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാരായ വിദേശികള്‍ക്കും ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസിറ്റ് വിസയിലെത്തുന്നവര്‍ക്കും ഈ പിഴയിളവ് ആനുകൂല്യം ലഭിക്കും.