ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന പുതിയ ചട്ടങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം. പുതിയ നിയമങ്ങള്‍ തൊഴിലാളികള്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ വൃത്തിയുള്ളതും ഉചിതമായതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
യൂണിഫോം ആവശ്യകതയ്ക്ക് പുറമേ, ഹോം ഡെലിവറി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ക്കായി മറ്റ് നിരവധി നിബന്ധനകളും ചട്ടഭേദഗതിയിലൂടെ നിലവില്‍ വന്നിട്ടുണ്ട്. ഡെലിവറി ബിസിനസുകള്‍ക്ക് സാധുവായ മുനിസിപ്പല്‍ ലൈസന്‍സുകള്‍ ഉണ്ടായിരിക്കുകയും പ്രത്യേക ഹോം ഡെലിവറി പെര്‍മിറ്റുകള്‍ നേടുകയും വേണം. അത് മുനിസിപ്പല്‍ ലൈസന്‍സിന് അനുസൃതമായി പുതുക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തൊഴിലാളികളെയും ഡെലിവറിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങളും സമര്‍പ്പിക്കണം. ഒരു മൂന്നാം കക്ഷി ദാതാവ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അവരുടെ ഡാറ്റയും ഉള്‍പ്പെടുത്തിയിരിക്കണം.