മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ സാംബളിലാണ് സംഭവം. ഭാര്യയെ കൊന്ന ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാഖി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ദമ്പതികള്‍ക്ക് മൂന്ന് ആണ്‍ മക്കളുണ്ട്. ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം മൂന്ന് മക്കളെയും കൂട്ടി ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തന്നെ അറസ്റ്റ് ചെയ്യണമെന്നും ഭാര്യയെ കൊന്നിട്ടാണ് വന്നിരിക്കുന്നതെന്നും ഇയാള്‍ പൊലീസുകാരോട് പറഞ്ഞു.
വിവരം അറിഞ്ഞതിന് പിന്നാലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി. ഇവരുടെ പരിശോധനയില്‍ വീടിനുള്ളില്‍ നിന്ന് രാഖിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അവിഹിത ബന്ധത്തെക്കുറിച്ച് പല തവണ താന്‍ ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും എന്നാല്‍ അതൊക്കെ ഭാര്യ അവഗണിച്ചതാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.