വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തില്‍ 7 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് പേര് വിദേശത്ത് നിന്നുള്ള ജോലിക്കാരും മൂന്ന് പേര് ഇസ്രായേല്‍ പൗരന്മാരുമാണ്. ഇതിനിടെ, മെറ്റുലയില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ കര്‍ഷക തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ വ്യോമാക്രമണമാണ് ഇതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ലെബനനില്‍ നിന്നുള്ള മിസൈലുകള്‍ മെറ്റുലയിലെ ഒരു കാര്‍ഷിക മേഖലയില്‍ പതിച്ചതിന്റെ ഫലമായി വിദേശത്ത് നിന്നെത്തിയ നാല് ജോലിക്കാരും ഒരു ഇസ്രായേലി കര്‍ഷകനും ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ, ലെബനനില്‍ നിന്ന് ഏകദേശം 25 റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള മറ്റൊരു ആക്രമണം വടക്കന്‍ ഇസ്രായേലി തുറമുഖ നഗരമായ ഹൈഫയുടെ പ്രാന്തപ്രദേശത്തുള്ള ഒലിവ് മേഖലയില്‍ പതിക്കുകയും മറ്റ് രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തു. ഇവിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഒക്ടോബര്‍ 26ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുകാനൊരുങ്ങുകയാണ് ഇറാന്. ഇസ്രായേലിനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ ദേശീയ സുരക്ഷാ സമിതിയ്ക്ക് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനി നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് ഖമേനി എത്തിയതെന്നാണ് സൂചന. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 5ന് മുമ്പ് തന്നെ ആക്രമണം നടത്താനാണ് ഇറാന് തയ്യാറെടുക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.