ലെബനനില്‍ ഇസ്രയേലിന്റെ അപ്രതീക്ഷിത കമാന്‍ഡോ റെയ്ഡ് ; അമേരിക്കയ്ക്കും ഇസ്രയേലിനും ശക്തമായ പ്രതികരണം ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഇറാന്‍
വടക്കന്‍ ലെബനനില്‍ ഇസ്രായേലിന്റെ അപ്രതീക്ഷിത കമാന്‍ഡോ റെയ്ഡ്. മുതിര്‍ന്ന ഹിസ്ബുല്ല ഉദ്യോഗസ്ഥനെ ഇസ്രായേലിന്റെ നാവികസേന പിടികൂടി. വെള്ളിയാഴ്ച വടക്കന്‍ ലെബനനില്‍ നടന്ന ഓപ്പറേഷനില്‍ മുതിര്‍ന്ന ഹിസ്ബുല്ല നേതാവായ ഇമാദ് അംഹാസിനെയാണ് ഇസ്രായേല്‍ നാവികസേന പിടികൂടിയത്. ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്കും ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണയ്ക്കും പല്ല് തകര്‍ക്കുന്ന രീതിയിലുള്ള പ്രതികരണം ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് ആ52 ബോംബര്‍ വിമാനങ്ങള്‍ പശ്ചിമേഷ്യയിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നീക്കം. അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നവംബര്‍ 5ന് മുമ്പ് ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്രായേലിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നല്‍കുമെന്ന് സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.