പിതാവിന്റെ മൃതദേഹം ഒരു വര്‍ഷത്തിലേറെ ഫ്രീസറില്‍ സൂക്ഷിച്ച് മകന്. സൗത്ത് കൊറിയയിലെ ജ്യോന്‍ഗി പ്രവിശ്യയിലാണ് സംഭവം. നാല്പതുകാരനാണ് സ്വത്തവകാശ തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ ജ്യോന്‍ഗിയിലെ ഇച്ചന് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പിതാവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞതോടെ പൊലീസ് ഞെട്ടി. യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് ആദ്യം കരുതിയത്. തുടര്‍ന്ന് യുവാവ് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. സ്വത്തവകാശ തര്‍ക്കമുണ്ടെന്നും ഇതേ തുടര്‍ന്ന് പിതാവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി ഫ്രീസര്‍ പരിശോധിക്കുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇയാള്‍ പിതാവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഈ സമയം പിതാവ് വീട്ടില്‍ മരിച്ച് കിടക്കുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം, മൃതദേഹം എങ്ങനെ വീട്ടില്‍ എത്തിച്ചു എന്നതിന് ഇയാള്‍ കൃത്യമായ മറുപടി നല്‍കിയില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവാവ് പറഞ്ഞ കാര്യങ്ങള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ സ്വത്തവകാശ തര്‍ക്കം തന്നെയാണോ എന്ന കാര്യം വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ് മരണ കാരണം വ്യക്തമാകുകയുള്ളൂ.