ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ 22 വയസുകാരിയായ നഴ്സ് പീഡനത്തിനിരയായതായി പരാതി. ആശുപത്രി ഡയറക്ടര്‍ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചത്. പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയെന്നും സംശയിക്കുന്നുണ്ട്. പരാതി പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, ആശുപത്രി ഡയറക്ടറെ അറസ്റ്റ് ചെയ്തു.
കാണ്‍പൂരിലെ കല്യാണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായതെന്ന് കല്യാണ്‍പൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഭിഷേക് പാണ്ഡേ പറഞ്ഞു. പീഡനത്തിനിരയായ നഴസ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആശുപത്രി ഡയറക്ടര്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഇതിന് ശേഷം നഴ്സിനോട് രാത്രിയും ആശുപത്രിയില്‍ നില്‍ക്കണമെന്നും ചില ജോലികള്‍ ഉണ്ടെന്നും നിര്‍ദേശിച്ചു. ഇത് അനുസരിച്ചാണ് നഴ്സ് ജോലിക്ക് കയറിയത്.
അര്‍ത്ഥ രാത്രിയോടെ ഡയറക്ടര്‍ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചു. തുടര്‍ന്ന് ബലമായി അകത്ത് കയറ്റിയ ശേഷം വാതില്‍ പൂട്ടി. യുവതിയെ അവിടെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സംഭവം ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ ആശുപത്രി ഡയറക്ടരുടെ വിശദാംശങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.