എന്‍എച്ച്എസ് വളരെ ബുദ്ധിമുട്ടുന്ന കാലമാണ് കടന്നുപോകുന്നത്. എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഈ ബുദ്ധിമുട്ട് പരമാവധി പ്രയോജനപ്പെടുത്തുകയാണെന്നാണ് ബിബിസി അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ഓവര്‍ടൈം ജോലിയുടെ പേരില്‍ എന്‍എച്ച്എസ് പ്രീമിയം നിരക്കിലാണ് സീനിയര്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വെയ്റ്റിംഗ് ലിസ്റ്റ് സര്‍വ്വകാല റെക്കോര്‍ഡ് കയറി നില്‍ക്കുന്നത് കുറയ്ക്കാനുള്ള സമ്മര്‍ദം നേരിടുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്ക് പ്രീമിയം നിരക്ക് ഓഫര്‍ ചെയ്യാനും മടിക്കുന്നില്ല. ഇതുവഴി ചില സീനിയര്‍ ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം 200,000 പൗണ്ട് വരെ അധികമായി നേടുന്നുവെന്നാണ് കണക്കുകള്‍.
ഇംഗ്ലണ്ടിലെ ഫുള്‍ടൈം കണ്‍സള്‍ട്ടന്റുമാരുടെ ശരാശരി ബേസിക് ശമ്പളത്തിന്റെ ഇരട്ടിയാണ് ഇത്. സാധാരണ കണ്‍സള്‍ട്ടന്റുമാരെ അപേക്ഷിച്ച് പലരും പാര്‍ട്ട്‌ടൈമായാണ് ജോലിയില്‍ വരുന്നത്. ഇതുവഴി മണിക്കൂറിന് 200 പൗണ്ട് അധികരിക്കുന്ന ഓവര്‍ടൈം നിരക്കുകള്‍ വാങ്ങാന്‍ ഇവര്‍ക്ക് വഴിയൊരുങ്ങുന്നു. സാധാരണ നിരക്കിന്റെ നാലിരട്ടി അധികമാണിത്.
പ്രൈവറ്റ് മേഖലയുടെ ശമ്പളത്തെ തോല്‍പ്പിക്കുന്ന ഓഫറുകള്‍ നല്‍കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതമാകുന്നതായാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്നാല്‍ ജീവനക്കാരുടെ ക്ഷാമം നേരിടാത്ത ഇടങ്ങളില്‍ എന്‍എച്ച്എസ് ഓവര്‍ടൈമിനെ ആശ്രയിക്കേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നത്.
സമരങ്ങള്‍ നടന്നതും, അസുഖങ്ങള്‍ മൂലം വിട്ടുനില്‍ക്കുന്നതും ഓവര്‍ടൈമിനെ ആശ്രയിക്കാനുള്ള കാരണങ്ങളായി ആശുപത്രികള്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസിലേക്ക് ഗവണ്‍മെന്റ് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. എന്‍എച്ച്എസിന് 25 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ട് അനുവദിക്കുന്നത് വെയ്റ്റിംഗ് ലിസ്റ്റ് ചുരുക്കാനുള്ള ലക്ഷ്യത്തോടെയാണ്.
എന്നാല്‍ കണ്‍സള്‍ട്ടന്റുമാര്‍ മറ്റ് ജീവനക്കാരെ അപേക്ഷിച്ച് കോണ്‍ട്രാക്ടുകളില്‍ കൂടുതല്‍ അധികാരം ഉള്ളവരാണ്. വീക്കെന്‍ഡ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനും ഓവര്‍ടൈം നല്‍കുന്ന ആശുപത്രിയില്‍ സേവനം നല്‍കി പണം കൊയ്യാനും ഇവര്‍ക്ക് കഴിയും.