ഇന്ത്യയ്‌ക്കെതിരെ കാനഡ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ആശങ്കയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്ങ് പറഞ്ഞു. ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ഈ ആശങ്ക അറിയിച്ചതായും പെന്നി വോങ്ങ് വ്യക്തമാക്കി.
കാനഡയിലെ ഖലിസ്ഥാന്‍ നേതാവായ നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നുള്ള ആരോപണമാണ് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ചത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായി.
കാനഡയിലെ നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും ഏതു വിഭാഗത്തിലുള്ളവരായാലും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഓസ്‌ട്രേലിയന്‍ നിലപാടെന്നും പെന്നി വോങ് പറഞ്ഞു.
അതേസമയം കാനഡയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയശങ്കര്‍ പറഞ്ഞു.വിഘടന വാദത്തിന് കൂട്ടുനില്‍ക്കുകയാണ് കാനഡയെന്നും ജയശങ്കര്‍ ആരോപിച്ചു.