യുകെയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുന്നത്. തനിക്ക് യുകെയില്‍ തന്നെ നില്‍ക്കണം. അതിനായി ശമ്പളമില്ലാതെ ഒരു മാസത്തേക്ക് തന്നെ ജോലിക്ക് എടുക്കാമോ എന്നതാണ് യുവതിയുടെ അഭ്യര്‍ത്ഥന.
മൂന്നു മാസത്തിനുള്ളില്‍ ഒരു ജോലി കണ്ടെത്താനായില്ലെങ്കില്‍ തനിക്ക് നാട്ടിലേക്ക് തിരികെ പോരേണ്ടി വരും. അതിനാലാണ് താന്‍ ഇതിന് തയ്യാറാവുന്നത് എന്നും യുവതി പറയുന്നുണ്ട്. അവളുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നത്, ലെസ്റ്റര്‍ ആസ്ഥാനമായുള്ള വിദ്യാര്‍ത്ഥിനിയാണ് താനെന്നാണ്. 2022 -ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് മാറുന്നത്. 300 അപേക്ഷകള്‍ നല്‍കിയിട്ടും തനിക്ക് ഒരു ജോലി ഉറപ്പാക്കാന്‍ കഴിയുന്നില്ല. ഡിസൈന്‍ എഞ്ചിനീയറിംഗ് റോളുകള്‍ക്കായിട്ടാണ് താന്‍ അന്വേഷിക്കുന്നത് എന്നാണ് അവള്‍ പറയുന്നത്.
''ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിക്കുക. ഞാന്‍ ആ ജോലിക്ക് പറ്റിയ ആളല്ലെങ്കില്‍ തന്നെ പുറത്താക്കാം, ഞാന്‍ തിരികെ ഒന്നും പറയില്ല. എന്റെ ഗ്രാജുവേറ്റ് വിസ 3 മാസത്തിനുള്ളില്‍ തീരും, യുകെയില്‍ തുടരാന്‍ എന്നെ സഹായിക്കുന്നതിന് ഇത് റീപോസ്റ്റ് ചെയ്യൂ' എന്നാണ് അവള്‍ ലിങ്ക്ഡ്ഇനില്‍ അപേക്ഷിക്കുന്നത്.
ഓവര്‍ടൈം ജോലി ചെയ്യാന്‍ തയ്യാറാണ്, അവധി ദിവസങ്ങളിലും ജോലി ചെയ്യാന്‍ തയ്യാറാണ് എന്നും യുവതിയുടെ പോസ്റ്റില്‍ പറയുന്നുണ്ട്. ''എന്റെ മൂല്യം തെളിയിക്കാന്‍ ഞാന്‍ ദിവസവും 12 മണിക്കൂറും, ആഴ്ചയില്‍ 7 ദിവസവും ജോലി ചെയ്യും'' എന്നും അവള്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
എന്നാല്‍, പോസ്റ്റ് സകല സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചു. വലിയ വിമര്‍ശനമാണ് പോസ്റ്റിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇത്തരം ആളുകളാണ് തൊഴിലുടമകളെ കരുണയില്ലാതെ ജോലി ചെയ്യിക്കുന്നവരാക്കി മാറ്റുന്നത് എന്നായിരുന്നു പ്രധാന വിമര്‍ശനം.
ഇതുപോലെ ഒരു 12 പേര്‍ വരികയാണെങ്കില്‍ ഒരു കമ്പനിക്ക് ഒരു വര്‍ഷം സൗജന്യമായി ജോലി ചെയ്യിക്കാന്‍ ആളായി. ഇത്തരം പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് അതുണ്ടാക്കുന്ന കേടുപാടുകളെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് കമന്റ് നല്‍കിയത്.