ഇംഗ്ലണ്ടിലെ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖല കനത്ത സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെയര്‍ മേധാവികള്‍. ഉയരുന്ന ചെലവുകളും, ഡിമാന്‍ഡും കൗണ്‍സില്‍ ബജറ്റുകളെ താളം തെറ്റിക്കുന്ന അവസ്ഥയിലാണ് സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ ഗവണ്‍മെന്റ് സഹായം തേടുന്നത്.
അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖല നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ സമീപകാല ചരിത്രത്തിലെ മോശമായ നിലയില്‍ തന്നെ തുടരുന്നതായി അസോസിയേഷന്‍ ഓഫ് അഡല്‍റ്റ് സോഷ്യല്‍ സര്‍വ്വീസസ് പറഞ്ഞു. സേവനങ്ങള്‍ അസഹനീയമായ സമ്മര്‍ദങ്ങളാണ് നേരിടുന്നതെന്ന് അഡാസ് വ്യക്തമാക്കുന്നു.
അഡല്‍റ്റ് സോഷ്യല്‍ സര്‍വ്വീസസ് ബജറ്റില്‍ അധിക ചെലവ് വരുന്നതായാണ് അഞ്ചില്‍ നാല് ലോക്കല്‍ അതോറിറ്റികളും നല്‍കുന്ന മുന്നറിയിപ്പ്. നിലവിലെ സേവിംഗ്‌സ് പദ്ധതികള്‍ പൊട്ടിക്കാന്‍ നിര്‍ബന്ധിതമായെന്ന് കാല്‍ശതമാനത്തിലേറെ കൗണ്‍സിലുകളും പറയുന്നു. വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ പുതിയ വെട്ടിച്ചുരുക്കലുകള്‍ നടത്താനാണ് പലരും ഒരുങ്ങുന്നതെന്ന് അഡാസ് പറയുന്നു.
കെയര്‍ പരിശോധനകള്‍ക്കായി 500,000 പേരാണ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. സങ്കീര്‍ണ്ണമായ കെയര്‍ കേസുകള്‍ക്കായി ആവശ്യം ഉയരുന്നതിനാല്‍ കൗണ്‍സിലുകള്‍ ബുദ്ധിമുട്ടുകയാണ്. ആശുപത്രികളില്‍ നിന്നും രോഗികളുടെ ഡിസ്ചാര്‍ജ്ജ് ഉയര്‍ന്നതും കെയര്‍ ഹോമുകള്‍ക്ക് വിനയായി. ഇതിന് പുറമെയാണ് ജീവനക്കാരുടെ ക്ഷാമം തുടര്‍ച്ചയായി നിലനില്‍ക്കുന്നത്.
ഗവണ്‍മെന്റിന്റെ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ ലക്ഷ്യങ്ങള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്ന് അഡാസ് പറയുന്നു. സമീപകാല ആവശ്യങ്ങള്‍ മോശമാകുന്നതിന് മുന്‍പ് ഇടപെടല്‍ അനിവാര്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ബജറ്റില്‍ 600 മില്ല്യണ്‍ പൗണ്ട് സോഷ്യല്‍ കെയറിന് അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് വരുമാന ചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന് കൗണ്‍സിലുകള്‍ പറയുന്നു.