'കള്ളപ്പണമായിരുന്നെങ്കില്‍ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യില്ല'; ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; നിയമോപദേശത്തിന് ശേഷം മാത്രം തുടര്‍നടപടി

'കള്ളപ്പണമായിരുന്നെങ്കില്‍ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യില്ല'; ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; നിയമോപദേശത്തിന് ശേഷം മാത്രം തുടര്‍നടപടി
ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്നായിരുന്നു സിപിഎം നേതാക്കളുടെ പരാതി. എന്നാല്‍ ഇതുവരെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വിലയിരുത്തി.

കള്ളപ്പണമായിരുന്നെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. കേസെടുത്താലും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ സിപിഎം നേതാക്കളുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍നടപടിയെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്.

അതേസമയം വിഷയത്തില്‍ ഇന്ന് നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയ ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സിപിഎമ്മും ഇന്നലെ പുറത്തു വിട്ടിരുന്നു. ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം.

Other News in this category



4malayalees Recommends