എന്‍എച്ച്എസിലേക്ക് വിവിധ ഗവണ്‍മെന്റുകള്‍ പണമൊഴുക്കിയതല്ലാതെ അതുകൊണ്ട് വലിയ ഗുണങ്ങളൊന്നും ലഭിച്ചില്ല. പല തവണ വര്‍ദ്ധിപ്പിച്ച ഫണ്ട് ധൂര്‍ത്തടിക്കുന്നത് പോലെയാണ് പല ട്രസ്റ്റുകളുടെയും പ്രവര്‍ത്തനം. എന്നാല്‍ ഇനി ഈ പരിപാടി തുടരാന്‍ അനുവദിക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.
എന്‍എച്ച്എസില്‍ സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകാത്ത ട്രസ്റ്റ് മേധാവികള്‍ക്ക് വരുമാനം വര്‍ദ്ധനവ് നിഷേധിക്കപ്പെടുമെന്ന് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. പരാജയപ്പെടുന്ന സീനിയര്‍ മാനേജര്‍മാര്‍ക്ക് ഇനി പാരിതോഷികം ലഭിക്കുമെന്ന് ചിന്ത വേണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
വമ്പന്‍ കടവും, മോശം സര്‍വ്വീസുകളും കൊണ്ടുനടക്കുന്ന ചീഫ് എക്‌സിക്യൂ്ടടീവുമാര്‍ക്ക് ശമ്പളവര്‍ദ്ധനവിനുള്ള അവകാശം നഷ്ടപ്പെടുമെന്നാണ് സ്ട്രീറ്റിംഗ് അറിയിക്കുന്നത്. 'മികച്ചവര്‍ക്ക് മികച്ച വരുമാനം നല്‍കാന്‍ തയ്യാറാണ്. എന്‍എച്ച്എസിലേക്ക് കഴിവുറ്റവരെ ആകര്‍ഷിക്കാന്‍ സാമ്പത്തിക ഇന്‍സെന്റീവുകള്‍ സംരക്ഷിക്കപ്പെടും. എന്നാല്‍ പരാജയത്തിന് ഇനി പാരിതോഷികം നല്‍കില്ല', ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.
കണ്ണുംപൂട്ടിയുള്ള ചെലവാക്കലുകള്‍ക്ക് നിയന്ത്രണം വേണം. എന്‍എച്ച്എസിലേക്ക് പോകുന്ന ഓരോ പൗണ്ടിനും രോഗിക്ക് ഗുണം ലഭിക്കണമെന്ന് ഉറപ്പാക്കണം. മാറ്റങ്ങള്‍ ജനപ്രിയമാകില്ല, പക്ഷെ പരിഷ്‌കാരങ്ങളില്ലാതെ പോയാല്‍ മരണം ഉറപ്പാണ്, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എന്‍എച്ച്എസിനായി ബജറ്റില്‍ നിക്ഷേപങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇനി ഈ തുക നികുതിദായകര്‍ക്കും, രോഗികള്‍ക്കും മികച്ച ഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പരിഷ്‌കാരങ്ങളാണ് വരുന്നത്, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.