മദ്യപാനികളുടെ പോക്കറ്റ് കാലിയാക്കി വിലകള്‍ വര്‍ദ്ധിച്ചതോടെ ആല്‍ക്കഹോളില്‍ നിന്നും പിന്‍വാങ്ങി മദ്യപാനികള്‍. സൂപ്പര്‍മാര്‍ക്കറ്റ് മദ്യവില്‍പ്പനയാണ് നിരക്ക് ഉയരാന്‍ തുടങ്ങിയതോടെ ആഘാതം നേരിടുന്നത്.
ബ്രിട്ടന്റെ മികച്ച പത്ത് ബ്രാന്‍ഡുകളും വില്‍പ്പനയില്‍ ഇടിവ് നേരിടുകയാണ്. മികച്ച വില്‍പ്പന ഉണ്ടായിരുന്ന ബിയറുകള്‍, സ്പിരിറ്റ്, വൈന്‍ എന്നിവയെല്ലാം വില്‍പ്പന കുറഞ്ഞ നിലയിലാണെന്ന് ഗ്രോസര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പണപ്പെരുപ്പവും, ആഗസ്റ്റിലെ ഡ്യൂട്ടി വര്‍ദ്ധനവും ചേര്‍ന്നാണ് വില ഉയരാന്‍ ഇടയാക്കിയത്. ശരാശരി ചെലവ് 4.5 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഫോര്‍ട്ടിഫൈഡ് വൈനിന്റെ ചെലവ് 12.9 ശതമാനമാണ് ഉയര്‍ന്നത്.
ഒരു വര്‍ഷത്തിനിടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മദ്യത്തിനായി ചെലവാക്കിയ തുകയില്‍ 2.8 ശതമാനം വര്‍ദ്ധിച്ച് 15.4 ബില്ല്യണ്‍ പൗണ്ടിലേക്കാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ആകെ വോള്യത്തില്‍ 1.5 ശതമാനം ഇടിവും രേഖപ്പെടുത്തി.
മദ്യത്തിന്റെ വില വര്‍ദ്ധന മൂലം കുറഞ്ഞ ആല്‍ക്കഹോള്‍ ഉള്ളതോ, ആല്‍ക്കഹോള്‍ രഹിതമോ ആയ പകരം പാനീയങ്ങളിലേക്ക് ചുവടുമാറുകയാണ് ഷോപ്പര്‍മാര്‍. ചെലവ് നിയന്ത്രിക്കാനായി മദ്യം ഒഴിവാക്കാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കഴിയാത്ത കമ്പനികള്‍ പൂട്ടിപ്പോകുമെന്നാണ് മുന്നറിയിപ്പ്.