തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് ; ട്രംപിനെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി
അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. കേസുകള്‍ പിന്‍വലിക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസാണ് റദ്ദാക്കിയത്. നേരത്തെ ജനുവരി 20 ന് പുതിയ പ്രസിഡന്റിനായി സ്ഥാനം ഒഴിയുന്നതിന് മുമ്പ് 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്ന നാല് ആരോപണങ്ങള്‍ തള്ളിക്കളയാനായിരുന്നു പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്ത് തിങ്കളാഴ്ച ഫെഡറല്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നത്. സിറ്റിംഗ് പ്രസിഡന്റുമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന അമേരിക്കയുടെ ദീര്‍ഘകാല നയം അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്ന വലിയ ജനവിധിയോടെ അമേരിക്കന്‍ ജനത പ്രസിഡന്റ് ട്രംപിനെ വീണ്ടും തിരഞ്ഞെടുത്തു. ട്രംപിനെതിരായ ഭരണഘടനാ വിരുദ്ധമായ ഫെഡറല്‍ കേസുകള്‍ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ഇന്നത്തെ തീരുമാനം നിയമവാഴ്ചയുടെ വലിയ വിജയമാണ്. അമേരിക്കന്‍ ജനതയും പ്രസിഡന്റ് ട്രംപും നമ്മുടെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയ ആയുധമാക്കുന്ന നടപടി ഉടനടി അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, എന്നായിരുന്നു ട്രംപിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചിയുങ് പ്രതികരിച്ചത്.