ക്രിമിനല്‍, ലഹരി, നികുതി തട്ടിപ്പ് കേസുകളില്‍ അകപ്പെട്ട മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നേരത്തെ മകന് മാപ്പ് നല്‍കില്ലെന്ന പരസ്യ നിലപാടാണ് ജോ ബൈഡന്‍ എടുത്തിരുന്നത്. പ്രസിഡന്റ് പദവിയിലെ അവസാന നാളുകളില്‍ ബൈഡന്‍ ആ തീരുമാനം തിരുത്തുകയായിരുന്നു.
മകനെ തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍കരുവായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ബൈഡന്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചത്. ശരിയായ രീതിയിലല്ല അന്വേഷണം നടന്നതെന്നും, സമാന കുറ്റകൃത്യങ്ങള്‍ നടത്തിയവരെക്കാള്‍ ക്രൂരമായ രീതിയിലാണ് തന്റെ മകന്‍ വിചാരണ നേരിട്ടതെന്നും ബൈഡന്‍ പറയുന്നു. ഒരു അച്ഛനായും, പ്രസിഡന്റായും ഈ തീരുമാനം എന്തുകൊണ്ട് എടുത്തുവെന്ന് അമേരിക്കക്കാര്‍ക്ക് മനസിലാകുമെന്ന് കരുതുന്നുവെന്നും ബൈഡന്‍ പറയുന്നു.
ജനുവരി 2014 മുതല്‍ 2024 വരെയുള്ള കാലയളവിലെ വിവിധ കുറ്റകൃത്യങ്ങള്‍ക്കാണ് ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിടുന്നത്. അനധികൃതമായി തോക്ക് കയ്യില്‍ വെച്ചു എന്നതും, നികുതി വെട്ടിപ്പുമാണ് പ്രധാന കുറ്റങ്ങള്‍. മയക്കുമരുന്നിന് അടിമ കൂടിയായിരുന്നു ഹണ്ടര്‍. ഇക്കൊല്ലം ജൂണിലാണ് ഹണ്ടര്‍ കുറ്റക്കാരനെന്ന് ഫെഡറല്‍ കോടതി കണ്ടെത്തിയത്. ഇത്രയും കുറ്റങ്ങള്‍ നേരിടുന്ന മകന് ഒരിക്കലും മാപ്പ് നല്‍കില്ലെന്ന് ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബൈഡന്‍ തീരുമാനം മാറ്റിയതോടെ ഹണ്ടറിനെതിരെയുള്ള വിചാരണയും മറ്റും നിര്‍ത്തിവെക്കാനുള്ള സാഹചര്യങ്ങളും തെളിഞ്ഞു.