അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികള്‍ ഉറപ്പു നല്‍കി അധികാരത്തിലേറിയ ലേബര്‍ സര്‍ക്കാര്‍ പരുങ്ങലിലായിരിക്കുകയാണ്. അധികാരമേറി ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം നാലു മാസത്തില്‍ ഇരുപതിനായിരത്തിലധികം പേരാണ് ചെറു ബോട്ടുകളില്‍ യുകെയിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയും 112 പേരുമായി രണ്ടു ബോട്ടുകള്‍ യുകെയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.
അധികാരമേറി മാസങ്ങള്‍ക്കുള്ളില്‍ 20110 പേരോളം ചെറു ബോട്ടുകളിലായി യുകെയിലെത്തിയെന്നാണ് കണക്ക്. കുടിയേറ്റം നിയന്ത്രിക്കാന്‍ കടുത്ത നടപടിയെടുക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞില്ല. കീര്‍ സ്റ്റാര്‍മറുടെ കാലത്ത് അധിക കുടിയേറ്റം നടന്നതായും കണക്കുകള്‍ പറഞ്ഞു.
കുടിയേറ്റം കുറയ്ക്കാനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റത്തിന് തടയിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന മേഖലകളില്‍ നിലവിലെ ജീവനക്കാര്‍ കുറവായ അവസ്ഥയിലുമാണ്. ഏതായാലും സര്‍ക്കാര്‍ നയം എത്രമാത്രം കുടിയേറ്റത്തെ ബാധിക്കുമെന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.