മകന് മാപ്പ് നല്‍കിയ ബൈഡന്റെ തീരുമാനത്തിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു; വിമര്‍ശനവുമായി ട്രംപും

മകന് മാപ്പ് നല്‍കിയ ബൈഡന്റെ തീരുമാനത്തിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു; വിമര്‍ശനവുമായി ട്രംപും
പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും മാപ്പ് നല്‍കിയ തീരുമാനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിരൂക്ഷ വിമര്‍ശനമാണ് ബൈഡനെതിരെ നടത്തിയത്. നിയമം സംരക്ഷിക്കേണ്ട പ്രസിഡന്റ് തന്നെ നിയമത്തെ ദുരുപയോഗം ചെയ്യകയാണെന്നാണ് ട്രംപ് പ്രതികരിച്ചത്.

ബൈഡന്‍ ചെയ്തത് നീതി നിഷേധമാണെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ട്രംപിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബൈഡനെ വിമര്‍ശിച്ച് രംഗത്തെത്തി. മകന്‍ ഹണ്ടറെ ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ബൈഡന്‍ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആരോപിച്ചു. അനധികൃതമായി തോക്ക് കൈവശം വച്ച കേസിലും നികുതി വെട്ടിപ്പ് കേസുകളിലും ഹണ്ടര്‍ ബൈഡന്‍ പ്രതിയായിരുന്നു. ഈ കേസുകളിലാണ് പ്രസിഡന്റ് മാപ്പ് നല്‍കിയത്.

അതേസമയം ബൈഡനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. രാജ്യത്തെ നിയമ വ്യവസ്ഥക്ക് അകത്തുള്ള കാര്യങ്ങള്‍ മാത്രമേ പ്രസിഡന്റ് ചെയ്തിട്ടുള്ളുവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. തന്റെ മകനാണെന്ന കാരണത്താല്‍ ഹണ്ടര്‍ ബൈഡന്‍ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് നേരത്തെ ബൈഡന്‍ മാപ്പ് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

പ്രസിഡന്റിന് യുഎസ് ഭരണഘടന അനുവദിക്കുന്ന പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് ബൈഡന്റെ ഈ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തുന്നവര്‍ ഈ അധികാരം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. രണ്ട് ടേമുകളിലായി ബറാക് ഒബാമ 1927 തവണയും ആദ്യ ടേമില്‍ ഡോണള്‍ഡ് ട്രംപ് 237 തവണയും ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends