രോഗികളുടെ നീണ്ട കാത്തിരിപ്പ് വലിയൊരു അനീതി തന്നെയാണ്. രോഗത്തിന് മുക്തി കിട്ടാന്‍ അധിക കാലം കാത്തിരിക്കേണ്ടി വരുന്നതിന് എന്‍എച്ച്എസ് പഴികേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ നില തെറ്റിയ അവസ്ഥയിലായി എന്‍എച്ച്എസ്. പിന്നീട് നീണ്ടുപോയ അപ്പോയ്ന്റ്‌മെന്റുകള്‍ ഒരു സാധാരണ കാര്യമായി. ഇപ്പോഴിതാ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കാത്തിരിപ്പു കുറയ്ക്കാനുള്ള നടപടിയുമായി രംഗത്തുവന്നിരിക്കുകയാണ്.
92 ശതമാനം ഓപ്പറേഷനുകളും അപ്പോയ്ന്റ്‌മെന്റുകളും 18 ആഴ്ചയ്ക്കുള്ളില്‍ നടത്തുന്ന രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കണമെന്നും 2029 മാര്‍ച്ചോടെ ഈ ലക്ഷ്യത്തിലെത്തണമെന്നുമാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. എന്‍എച്ച്എസ് മേധാവികള്‍ എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ അത്ര ഉറപ്പു നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
അടുത്ത രണ്ടു വര്‍ഷത്തില്‍ 22 ബില്യണ്‍ പൗണ്ട് ചാന്‍സലര്‍ എന്‍എച്ച്എസിന് അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ പോലും 2029 ല്‍ ഈ ലക്ഷ്യത്തിലെത്തുക എളുപ്പമല്ല. ഭൂരിഭാഗം മേധാവികളും ഇതു നടപ്പാക്കാന്‍ സാധ്യമല്ലെന്ന് സര്‍വ്വേകളിലൂടെ വ്യക്തമാക്കി കഴിഞ്ഞൂ. ഏതായാലും മുന്‍ സര്‍ക്കാരുകളെ പോലെ എന്‍എച്ച്എസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ കുറച്ചെങ്കിലും സുഗമമാക്കാനാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരും ശ്രമിക്കുന്നത്. എന്നാല്‍ ജീവനക്കാരുടെ കുറവുള്‍പ്പെടെ വിഷയത്തില്‍ പരിഹാരമുണ്ടായാലേ എന്‍എച്ച്എസ് പ്രതിസന്ധി തീരൂവെന്നാണ് എന്‍എച്ച്എസ് മേധാവികളുടെ പക്ഷം.