ഭാര്യയെ സംശയം, ബിസിനസ് പാര്‍ട്ണര്‍ വന്നതോടെ തര്‍ക്കം ; കൊല്ലത്ത് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഭാര്യയെ സംശയം, ബിസിനസ് പാര്‍ട്ണര്‍ വന്നതോടെ തര്‍ക്കം ; കൊല്ലത്ത് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്ലം നഗരമധ്യത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് പൂര്‍ത്തിയായ ശേഷം അനിലയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പത്മരാജന്‍ ആക്രമണം നടത്തിയതെന്നും ആസൂത്രിത കൊലപാതകമായിരുന്നുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.

കൊല്ലം ചെമ്മാമുക്കില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭാര്യയെ സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പത്മരാജന്റെ മൊഴി. കൊല്ലത്ത് 'നിള' എന്ന പേരില്‍ അനില ബേക്കറി നടത്തുന്നുണ്ട്. ഹനീഷ് എന്നയാളുമായി പാര്‍ട്ണര്‍ഷിപ്പിലാണ് അനില ബേക്കറിയാരംഭിച്ചത്. ഹനീഷ് ഇടയ്ക്കിടെ ബേക്കറിയില്‍ വരുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന് പത്മരാജന്‍ പൊലീസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ പതിവായതോടെ കൊല്ലത്ത് വാടക വീടെടുത്ത് അനില താമസിച്ചിരുന്നു. പിന്നീട് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

അടുത്തിടെ ഹനീഷിന് പണം നല്‍കി ബേക്കറി സ്വന്തം പേരിലാക്കണമെന്ന് പത്മരാജന്‍ അനിലയോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തീരുമാനമെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹനീഷിനെ അനില കാറില്‍ കൊണ്ടുപോകുന്നത് കണ്ടതോടെ പത്മരാജന്‍ പ്രകോപിതനായി. ഇരുവരെയും കൊലപ്പെടുത്തണം എന്നതായിരുന്നു പത്മരാജന്റെ അടുത്ത ലക്ഷ്യം. ഇതിനായി തഴുത്തല പെട്രോള്‍ പമ്പില്‍ നിന്നും 300 രൂപയ്ക്ക് ബക്കറ്റില്‍ പെട്രോള്‍ വാങ്ങി. ബേക്കറി മുതല്‍ അനിലയെ പിന്തുടര്‍ന്നു. ആ സമയത്ത് അനിലയ്ക്കൊപ്പം ബേക്കറിയിലെ ജീവനക്കാരനായ സോണിയും ഉണ്ടായിരുന്നു. എന്നാല്‍ ഹനീഷ് ആണെന്ന് തെറ്റിദ്ധരിച്ച പത്മരാജന്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. കാര്‍ തുറക്കാന്‍ പറ്റാത്ത വിധം പത്മരാജന്‍ അയാള്‍ സഞ്ചരിച്ച ഒമ്നി കാര്‍ അനിലയുടെ കാറിനോട് ചേര്‍ത്തുനിര്‍ത്തി. അനില വിന്‍ഡോ താഴ്ത്തിയയുടനെ പത്മരാജന്‍ പെട്രോള്‍ അനിലയുടെ കാറിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.

തീ പടര്‍ന്നുപിടിച്ചതോടെ സോണി വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിരക്ഷപ്പെട്ടു. സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ അനിലയ്ക്ക് രക്ഷപ്പടാനായില്ല. പതിനാലു വയസുള്ള മകളാണ് ദമ്പതികള്‍ക്കുള്ളത്.

Other News in this category



4malayalees Recommends