മകളെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണി; ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു

മകളെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണി; ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു
അമേരിക്കയില്‍ ഏഴ് വയസുകാരിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. ഒഹായോയിലായിരുന്നു സംഭവം. കുഞ്ഞിനെ കൊല്ലുമെന്നും താനും മരിക്കുമെന്നും ഭീഷണി മുഴക്കിയ യുവാവ് ഏറെ നേരം ഉദ്യോഗസ്ഥരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഇയാളെ സമാധാനിപ്പിക്കാന്‍ ഏറെ നേരം പരിശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മെഡിന കൗണ്ടി പൊലീസ് വകുപ്പ് അറിയിച്ചു.

ചാള്‍സ് റയാന്‍ അലക്‌സാണ്ടര്‍ എന്ന 43കാരനെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. നേരത്തെയുണ്ടായ ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാളുടെ ഏഴ് വയസുള്ള മകളുടെ സംരക്ഷണ അവകാശം ഇയാളില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. തുടര്‍ന്ന് ഒഹായോയില്‍ അമ്മയുടെ വീട്ടില്‍ കഴിയുന്നതിനിടെയാണ് അവിടെയെത്തിയ ചാള്‍സ് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് ഇയാളെ പിന്തുടരുകയും ചെയ്തു.

ഒരു വാണിജ്യ സ്ഥാപനത്തിന്റെ പാര്‍ക്കിങ് ലോട്ടില്‍ വെച്ചാണ് ചാള്‍സിന്റെ കാര്‍ പൊലീസിന് തടയാന്‍ സാധിച്ചത്. പിന്നീട് ഇയാളുമായി രക്ഷാപ്രവര്‍ത്തകര്‍ ഫോണിലൂടെ സംസാരിച്ചു. മകളെ കൊല്ലുമെന്നും താനും സ്വയം വെടിവെച്ച് മരിക്കുമെന്നും ഇയാള്‍ ആവര്‍ത്തിച്ചു. ഇതിനിടെ തന്നെ കൊല്ലരുതെന്ന് മകള്‍ യാചിക്കുന്ന ശബ്ദവും കോള്‍ റെക്കോര്‍ഡ്‌സില്‍ കേള്‍ക്കാം. ഇടയ്ക്ക് വെച്ച് 'നമ്മള്‍ രണ്ട് പേരും സ്വര്‍ഗത്തില്‍ പോകാന്‍ പോവുകയാണോ അച്ഛാ?' എന്ന് മകള്‍ ചോദിക്കുന്നതും, യുവാവ് അതെ എന്ന് മറുപടി പറയുന്നതും തുടര്‍ന്ന് അലറിക്കരയുന്ന പെണ്‍കുട്ടി, തനിക്ക് ഇന്ന് സ്വര്‍ഗത്തില്‍ പോകേണ്ടെന്ന് വിളിച്ച് പറയുന്നതും കോള്‍ റെക്കോര്‍ഡ്‌സിലുണ്ട്.

കുട്ടിയുടെ നേരെ തുടര്‍ച്ചയായി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഇയാള്‍ പിന്നീട് ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയുടെ അമ്മയുമായി സംസാരിക്കാനും അധികൃതര്‍ വഴിയൊരുക്കി. അരുതാത്തതൊന്നും സംഭവിക്കരുതെന്നും കുട്ടിയെ പേടിപ്പിക്കരുതെന്നുമൊക്കെ അധികൃതര്‍ ആവര്‍ത്തിച്ച് യുവാവിനോട് ആവശ്യപ്പെട്ടു. അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും യുവാവ് അല്‍പം പോലും വഴങ്ങിയില്ല.

പിന്നീട് സ്ഥിതി മോശമായ ഒരു സാഹചര്യത്തില്‍ പൊലീസ് ഇയാള്‍ക്ക് നേരെ വെടിവെച്ചു എന്നാണ് അധികൃതര്‍ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് അപ്പോള്‍ തന്നെ മരണപ്പെടുകയും ചെയ്തു. മകള്‍ക്ക് പരിക്കുകളില്ലെങ്കിലും സംഭവം നേരിട്ടുകണ്ടതിന്റെയും അനുഭവിച്ചതിന്റെയും ആഘാതത്തിലാണ്. കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്ക് കൈമാറി.

Other News in this category



4malayalees Recommends