ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് ചെറുബോട്ടില്‍ കടക്കാന്‍ ശ്രമിച്ച 85 കുടിയേറ്റക്കാരെ ഫ്രെഞ്ച് നാവിക സേന രക്ഷപ്പെടുത്തി. അനധികൃത കുടിയേറ്റ ശ്രമത്തിനിടയില്‍ ബുധനാഴ്ചയാണ് സംഭവം. കുടിയേറ്റക്കാരുമായ ചാനല്‍ മുറിച്ച് കടക്കാനെത്തിയ ബോട്ട് മണല്‍ തിട്ടയില്‍ ഇടിച്ച് നിന്നതിന് പിന്നാലെയാണ് നാവിക സേന സഹായത്തിനെത്തിയത്.
പാസ് ഡേ കാലെയ്‌സ് മേഖലയിലാണ് ചെറുബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ച് നിന്നത്. രണ്ട് ചെറുബോട്ടുകളില്‍ നിന്നായാണ് കുടിയേറ്റക്കാരെ നാവിക സേന രക്ഷപ്പെടുത്തിയത്. ഇവരെ ഫ്രാന്‍സിലെ വടക്കന്‍ മേഖലയിലുള്ള തീരദേശ നഗരമായ ബൊലോണ്‍ സര്‍ മേരിലെത്തിച്ച് പ്രാഥമിക ചികിത്സ അടക്കമുള്ളവ നല്‍കിയതായാണ് ഫ്രാന്‍സ് നാവിക സേന വിശദമാക്കുന്നത്. ഈ വര്‍ഷം മാത്രം ഈ ചാനല്‍ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടയില്‍ 70 കുടിയേറ്റക്കാരാണ് മരണപ്പെട്ടിട്ടുള്ളത്.
അനധികൃതമായി കുടിയേറ്റക്കാരെ എത്തിക്കുന്ന മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശദമാക്കിയ ശേഷവും അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിന് കുറവില്ലാത്ത കാഴ്ചയാണ് മേഖലയിലുള്ളത്. ബുധനാഴ്ച ജര്‍മനിയില്‍ സിറിയന്‍ ഇറാഖി കുര്‍ദ്ദിഷ് ക്രിമിനല്‍ സംഘത്തിന്റെ നെറ്റ് വര്‍ക്ക് കണ്ടെത്താനായി തെരച്ചില്‍ നടന്നിരുന്നു. ഫ്രാന്‍സില്‍ നിന്ന് വലിയ രീതിയില്‍ കുടിയേറ്റക്കാരെ ബ്രിട്ടനിലെത്തിക്കുന്ന മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു ജര്‍മനിയിലെ റെയ്ഡ്.