പ്രഭാത പ്രാര്‍ത്ഥനകള്‍ക്കിടെ ജൂത ദേവാലയത്തിന് തീയിട്ട് അജ്ഞാതര്‍. ചിതറിയോടിയ വിശ്വാസികളില്‍ പലര്‍ക്കും വീണ് പരിക്ക്. അഗ്‌നിബാധയില്‍ സാരമായി കേടുപാടുകള്‍ സംഭവിച്ച നിലയിലാണ് സിനഗോഗുള്ളത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ജൂത ദേവാലയത്തിന് അജ്ഞാതര്‍ തീയിട്ടത്. മെല്‍ബണിലെ അഡാസ് ഇസ്രയേല്‍ സിനഗോഗാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കത്തിനശിച്ചത്.
അഗ്‌നിരക്ഷാ സേന സംഭവ സ്ഥലത്തേക്ക് എത്തിയപ്പോഴേയ്ക്കും കത്തിനശിച്ച നിലയിലായിരുന്നു ദേവാലയമുണ്ടായിരുന്നത്. ദേവാലയത്തിന് അകത്തേക്ക് അജ്ഞാതര്‍ തീയിടുമ്പോള്‍ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ സിനഗോഗിലുണ്ടായിരുന്നു. തീ പടര്‍ന്ന് പിടിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വെറുപ്പ് പടര്‍ത്താനുള്ള ഉദ്ദേശത്തോടെ മനപ്പൂര്‍വ്വം ദേവാലയത്തിന് തീയിട്ടതെന്നാണ് സംഭവത്തെ അധികാരികള്‍ വിലയിരുത്തുന്നത്. വെറുപ്പിന്റെ പ്രവര്‍ത്തിയെന്നാണ് സംഭവത്തെ അപലപിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അക്രമത്തേക്കുറിച്ച് പ്രതികരിച്ചത്.
മെല്‍ബണിന്റെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള റിപ്പണ്‍ലീയിലാണ് സംഭവം നടന്നത്. സാമുദായിക ഐക്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടും സമൂഹത്തില്‍ ഭീതി പടര്‍ത്താനും ഉദ്ദേശമിട്ടാണ് പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചതെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. യഹൂദ വിരുദ്ധതയ്‌ക്കെതിരെ സഹിഷ്ണുത കാണിക്കില്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. അന്വേഷണത്തില്‍ ഫെഡറല്‍ പൊലീസ് വിക്ടോറിയ പൊലീസിന് സഹായിക്കുമെന്നും ആന്തണി ആല്‍ബനീസ് വിശദമാക്കി.
തീയിടാനായി എന്താണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനായി വിദഗ്ധര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മുഖംമൂടി ധാരികളായ രണ്ട് പേര്‍ ദേവാലയത്തിന് സമീപത്ത് നിന്ന് പോകുന്നത് ശ്രദ്ധിച്ചതായി ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്യ മേഖലയിലെ സിസിടിവി ദൃശ്യങ്ങളും ഡാഷ് ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വാതിലില്‍ തട്ട് കേട്ടെന്നും പിന്നാലെ ജനലിലൂടെ ദ്രാവകവും പിന്നാലെ തീയും എത്തിയെന്നാണ് അഗ്‌നിബാധയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ യഹൂദ വിരുദ്ധത വര്‍ധിക്കുന്നതിന്റെ തെളിവായാണ് ജൂത വിഭാഗം അക്രമത്തെ നിരീക്ഷിക്കുന്നത്.