ഉത്തര്‍പ്രദേശില്‍ ഏഴു വയസുകാരനായ മുസ്ലിം വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികളെക്കൊണ്ട് മുഖത്തടിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ അധ്യാപികയ്ക്ക് ജാമ്യം. പോക്‌സോ കോടതിക്ക് മുന്‍പാകെ കീഴടങ്ങിയാണ് തൃപ്ത ത്യാഗി എന്ന അധ്യാപിക ജാമ്യം നേടിയത്. നവംബര്‍ 23-ന് അലഹബാദ് ഹൈക്കോടതി അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപികയുടെ ഹര്‍ജി തള്ളിയ കോടതി രണ്ട് ആഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപിക പോക്‌സോ കോടതിയില്‍ ഹാജരായി ജാമ്യം നേടിയത്.
കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്. മുസഫര്‍ നഗറിലെ നേഹ പബ്ലിക് വിദ്യാലയത്തിലെ അധ്യാപികയായിരുന്നു തൃപ്ത ത്യാഗി. ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തി കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തോടൊപ്പം ശരീരത്തിന്റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കേസില്‍ കോടതിയും ഇടപെട്ടിരുന്നു.
ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനാല്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണക്കിന്റെ പട്ടിക പഠിക്കാത്തതിന് നല്‍കിയ ശിക്ഷയാണെന്നും പിന്നീട് ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നുമായിരുന്നു അധ്യാപിക നല്‍കിയ ന്യായീകരണം. മുഖത്തിന് പുറമേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുട്ടിക്ക് സഹപാഠികളുടെ മര്‍ദ്ദനമേറ്റിരുന്നു.
ഹോം വര്‍ക്ക് ചെയ്യാത്ത കുട്ടിയെ മറ്റ് കുട്ടികളെക്കൊണ്ട് ശിക്ഷിപ്പിച്ചത് താന്‍ ഭിന്നശേഷിക്കാരിയായതിനാലാണെന്നും പഠിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ നല്‍കിക്കൊള്ളാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും തൃപ്ത ത്യാ?ഗി പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.