ഒരുമിച്ച് കഴിഞ്ഞ് തനിനിറം മനസ്സിലാക്കി കഴിയുമ്പോഴാണ് പലരും ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത്. എന്നാല്‍ തന്നെ ഒഴിവാക്കി മുന്‍ പങ്കാളി നല്ലൊരു ജീവിതം നയിക്കുന്നുവെന്നത് പലര്‍ക്കും കണ്ണുകടിയുള്ള വിഷയമാണ്. ഈ അസൂയ കൈവിട്ട് പോകുമ്പോഴാണ് മുന്‍ പങ്കാളിയെ തീര്‍ത്തുകളയാനുള്ള തീരുമാനത്തിലേക്ക് ചിലര്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇനി ശിക്ഷയും കടുപ്പമാകുമെന്നാണ് ജസ്റ്റിസ് സെക്രട്ടറിയുടെ പ്രഖ്യാപനം.
മുന്‍ പങ്കാളികളെ കൊല്ലുകയോ, ശ്വാസംമുട്ടിച്ച് കൊല്ലാന്‍ നോക്കുകയോ ചെയ്യുന്ന കുറ്റവാളികള്‍ക്ക് കടുപ്പമേറഫിയ ജയില്‍ശിക്ഷ ലഭിക്കുമെന്ന് ലോര്‍ഡ് ചാന്‍സലര്‍ ഷബാന മഹ്മൂദ് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാനുള്ള ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ഗാര്‍ഹിക പീഡന കൊലപാതകങ്ങളിലെ ശിക്ഷകള്‍ സംബന്ധിച്ച് സ്വതന്ത്ര റിവ്യൂ നടത്തിയതിന് പിന്നാലെയാണ് ഇത്.
ശ്വാസം മുട്ടിച്ച് നടത്തുന്ന കൊലപാതകങ്ങളിലും, ബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളിലും ജഡ്ജിമാര്‍ കര്‍ശനമായ ശിക്ഷ നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുക. ഈ മാറ്റങ്ങള്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ പര്യാപ്തമായ തോതില്‍ മുന്നേറാന്‍ ഈ നിബന്ധനകളും വിജയിക്കുന്നില്ലെന്നാണ് വിമര്‍ശകരുടെ നിലപാട്. ഗാര്‍ഹിക കൊലപാതകങ്ങളില്‍ ശിക്ഷാ കാലയളവ് വിശദമാക്കാന്‍ ലോ കമ്മീഷന്‍ റിവ്യൂ നടത്തുന്നുണ്ട്. ഓരോ വര്‍ഷവും സ്വന്തം വീട്ടില്‍ മുന്‍ പങ്കാളിയുടെയോ, നിലവിലെ പങ്കാളിയുടെയോ കൈകളാണ് പ്രതിവര്‍ഷം 85 പേര്‍ കൊല്ലപ്പെടുന്നുവെന്നാണ് ജസ്റ്റിസ് മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.