ഗള്‍ഫ് രാജ്യങ്ങളുമായി മികച്ച സാമ്പത്തിക നയതന്ത്ര ബന്ധം ഉറപ്പിക്കാന്‍ യുകെ. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്നു സൗദി, യുഎഇ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാരംഭിക്കുകയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ ആദ്യ സന്ദര്‍ശനത്തിന് ഗള്‍ഫിലെത്തുന്ന അദ്ദേഹം യുകെയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും പ്രതിരോധ സുരക്ഷാ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ചര്‍ച്ചകള്‍ നടത്തുക.
ഞായറാഴ്ച രാത്രി ഗള്‍ഫിലേക്ക് തിരിക്കും. തിങ്കളാഴ്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തും. ശേഷം സൗദിയിലേക്ക് പോകുന്ന കീര്‍ സ്റ്റാര്‍മര്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തും. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കും.
യുകെയുടെ വളര്‍ച്ചയ്ക്ക് സൗദി ഉള്‍പ്പെടെ രാജ്യങ്ങലുടെ പങ്കാളിത്തം ആവശ്യമാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരുന്നു.
യുഎഇയുമായി 23 ബില്യണ്‍ പൗണ്ടിന്റെയും സൗദിയുമായി 17 ബില്യണ്‍ പൗണ്ടിന്റെയും വ്യാപാരമുണ്ട്. ഏഴായിരത്തിലധികം യുകെ ബിസിനസുകള്‍ സൗദിയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ബ്രിട്ടന്‍ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി വിപണി കൂടിയാണ് സൗദി അറേബ്യ.സൗദി സന്ദര്‍ശനത്തില്‍ വധശിക്ഷാ നിരക്ക് പരാമര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്