ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. രാജീവ് കുമാര്‍ സിങ്ങിന്റെ മകന്‍ സോമില്‍ രാജ് (14) ആണ് മരിച്ചത്. അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്കില്‍ കുട്ടി തൃപ്തനായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മൂന്ന് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയെന്നാണ് വീട്ടുകാര്‍ പറയുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കഹല്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദ് വിഹാര്‍ കോളനിയിലെ വസതിയില്‍ വെച്ച് പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ചാണ് കുട്ടി വെടിയുതിര്‍ത്തത്.
ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. റിവോള്‍വറും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അന്വേഷണം നടന്നുവരികയാണെന്ന് കഹല്‍ഗാവ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ദേവ് ഗുരു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. മരിക്കുന്നതിന് മുമ്പ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തന്റെ അര്‍ദ്ധവാര്‍ഷിക സ്‌കൂള്‍ പരീക്ഷയില്‍ നേടിയ മാര്‍ക്കില്‍ കുട്ടി തൃപ്തനായിരുന്നില്ല. മൂന്ന് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയത്. മറ്റ് കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്,' എസ്എച്ച്ഒ പറഞ്ഞു.