മകളുടെ കൊലയാളി ആരെന്നറിയാതെ അമ്മയുടെ ജീവന്‍ വരെ നഷ്ടമായി. 40 വര്‍ഷം മുമ്പ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നടന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പൊലീസ് ഇപ്പോഴും കൊലയാളിയെ തേടുകയാണ്. പൊലീസ് പ്രതിയെ കണ്ടെത്താന്‍ 50000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്തു.
1984 ല്‍ ലീയിലെ ബോണിവെല്‍ റോഡിലുള്ള വീട്ടില്‍ നിന്ന് 200 മീറ്ററില്‍ താഴെയുള്ള ഇടവഴിയില്‍ 14 കാരിയായ ലിസ ഹെസിയോണിനെ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടി ലൈംഗീക പീഡനത്തിനിരയായതായി കണ്ടെത്തി.
കുട്ടി രാത്രി 10.30 വരെ എത്തുമെന്ന് കാത്തിരുന്ന അമ്മ മകള്‍ വരാതായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ഡിഎന്‍എ സാമ്പിള്‍ ലഭിച്ചിട്ടും കൊലയാളിയെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് സേന പറയുന്നു.
മകളുടെ കൊലയാളിയെ കണ്ടെത്താതെ 2016 ല്‍ അമ്മ ക്രീസ്റ്റീന്‍ മരണമടഞ്ഞു. അന്വേഷണത്തിന് സഹായം തേടിയിരിക്കുകയാണ് അധികൃതര്‍. കൊലയാളിയെ കണ്ടെത്താന്‍ ചെറിയ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമ്പതിനായിരം പൗണ്ട് പാരിതോഷികം നല്‍കുമെന്നാണ് പൊലീസിന്റെ പ്രഖ്യാപനം.