ചെയ്യാത്ത കുറ്റങ്ങള്‍ പോലീസുകാര്‍ ഇടിച്ച് സമ്മതിപ്പിക്കുന്നതിനെ കുറിച്ച് പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ നിരപരാധികള്‍ വിചാരണ കാത്തുകിടന്ന് ഒടുവില്‍ കുറ്റം സമ്മതിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ കാണുന്നത്. കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ആരോപണം നേരിടുന്ന കുറ്റവാളികളെ ഈ അവസ്ഥയില്‍ എത്തിക്കുന്നത്.
വിചാരണ കാത്ത് അഞ്ച് വര്‍ഷം വരെ ജയിലില്‍ കിടക്കുന്നതിന് പുറമെ പല നിരപരാധികളും കുറ്റം സമ്മതിക്കുന്ന അവസ്ഥയും നേരിടുന്നതായി രണ്ട് ജയില്‍ നിരീക്ഷകരാണ് വെളിപ്പെടുത്തിയത്. ഏകദേശം 17,000 തടവുകാരാണ് തങ്ങളുടെ കേസുകള്‍ കോടതിയില്‍ എത്താനായി അഞ്ച് വര്‍ഷത്തോളം റിമാന്‍ഡില്‍ കഴിഞ്ഞതെന്ന് ഇംഗ്ലണ്ട്, വെയില്‍സ് പ്രിസണ്‍സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ചാര്‍ലി ടെയ്‌ലര്‍ പറഞ്ഞു.
വിചാരണയ്ക്കായി സുദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരുമ്പോള്‍ വാദം തിരുത്തി പലരും കുറ്റം സമ്മതിക്കുന്നതായി ഇംഗ്ലണ്ട്, വെയില്‍സ് പ്രിസണ്‍സ് & പ്രൊബേഷന്‍ ഓംബുഡ്‌സ്മാന്‍ അഡ്രിയാന്‍ അഷയര്‍ പറയുന്നു. കുറ്റം സമ്മതിച്ചാല്‍ വേഗത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാമെന്ന് ഉപദേശം സ്വീകരിക്കുന്നതോടെയാണ് ഇതെന്ന് അഷര്‍ ചൂണ്ടിക്കാണിക്കുന്നു.
അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ക്രൗണ്‍ കോടതികളിലെ ബാക്ക്‌ലോഗ് 1 ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പുകള്‍. ഈ ബാക്ക്‌ലോഗ് മൂലം നിലവില്‍ അഞ്ചിലൊന്ന് തടവുകാരാണ് വിചാരണ കാത്ത് റിമാന്‍ഡില്‍ കഴിയുന്നത്.