ബാങ്കിങ് പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ റാലി നടത്തി.
റിസര്‍വ്വ് ബാങ്ക് ബോര്‍ഡിന്റെ അടുത്ത യോഗം നാളെ നടക്കാനിരിക്കേയാണ് യൂണിയന്‍ അംഗങ്ങള്‍ റാലി നടത്തിയത്.
കഴിഞ്ഞ എട്ടു യോഗങ്ങളിലായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. നാണയപ്പെരുപ്പം റിസര്‍വ്വ് ബാങ്ക് ലക്ഷ്യം വയ്ക്കുന്ന നിലയിലേക്ക് എത്തിയെങ്കിലും പലിശ കുറയ്ക്കുന്നത് വൈകുകയാണ്.
അടിസ്ഥാന നാണയപ്പെരുപ്പം ഇപ്പോഴും കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്താത്തത്.
എന്നാല്‍ രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയും അല്‍പ്പം പോലും തിരിച്ചറിയാതെയാണ് റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുന്നതെന്ന് യൂണിയന്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.