ഇംഗ്ലണ്ടില്‍ ശരാശരി വിലയുള്ള വീട് വാങ്ങുന്നത് രാജ്യത്തെ 10% ധനികര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമായി മാറുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടന്റെ ഹൗസിംഗ് മേഖല കനത്ത തകര്‍ച്ചകള്‍ നേരിടുന്നതിന്റെ നേര്‍ക്കാഴ്ചയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ടത്.
കുടുംബങ്ങളുടെ വരുമാനത്തെ കവച്ചുവെച്ച് ഏതാനും ദശകങ്ങളായി ഭവനവില വളര്‍ച്ച കൈവരിച്ചതിന്റെ ഫലമാണ് ഇതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒഴികെ യുകെയിലെ എല്ലാ ഭാഗത്തും വീട് വാങ്ങുന്നത് താങ്ങാന്‍ കഴിയാത്ത കാര്യമായി മാറിയിട്ടുണ്ടെന്നും സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
ഇംഗ്ലണ്ടില്‍ ശരാശരി വാര്‍ഷിക വരുമാനം 35,000 പൗണ്ടുള്ള ഒരു കുടുംബത്തിന് ശരാശരി ഭവനവിലയായ 298,000 പൗണ്ടിന് സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ചുരുങ്ങിയത് 8.6 വര്‍ഷം വേണമെന്ന് ഒഎന്‍എസ് വ്യക്തമാക്കി. 1999-ല്‍ രേഖപ്പെടുത്തിയ കണക്കുകളുടെ ഇരട്ടി അനുപാതമാണിത്.
വെയില്‍സില്‍ ഇത് 5.8 വര്‍ഷവും, സ്‌കോട്ട്‌ലണ്ടില്‍ 5.6 വര്‍ഷവും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അഞ്ച് വര്‍ഷവുമാണ് ഈ അനുപാതം. ലോക്കല്‍ ശരാശരി വരുമാനം അഞ്ച് വര്‍ഷത്തില്‍ താഴെ ലഭിക്കുന്നത് കണക്കാക്കി ശരാശരി വീട് വിലയുമായി താരതമ്യം ചെയ്താണ് ഒഎന്‍എസ് വിലകള്‍ താങ്ങാന്‍ കഴിയുമോയെന്ന് വിലയിരുത്തുന്നത്.
ഇംഗ്ലണ്ടില്‍ 69,677 പൗണ്ട് വരുമാനമുള്ള കേവലം 10 ശതമാനം പേര്‍ക്കാണ് നിലവിലെ ശരാശരി വിലയില്‍ വീട് വാങ്ങാന്‍ കഴിയുക. വെയില്‍സില്‍ 30 ശതമാനവും, സ്‌കോട്ട്‌ലണ്ടില്‍ 40 ശതമാനവും പേര്‍ക്കാണ് ഇത് സാധിക്കുന്നത്.