ചാണ്ടി പറഞ്ഞത് മനസ്സില്‍ തറച്ച കാര്യങ്ങളാകും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍. ചാണ്ടി ഉമ്മന്റെ മനസ്സില്‍ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം ചാണ്ടി ഉമ്മന്‍ സഹോദരനെ പോലെയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍ തനിക്ക് മാത്രം ഒന്നും തന്നില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. എന്നാല്‍ ചാണ്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്നും പക്ഷെ കിട്ടിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എല്ലാ പ്രശ്‌നത്തിനും പരിഹാരം എന്ന നിലയില്‍ മുന്നോട്ട് പോകുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കില്‍ നേതൃത്വവുമായി പറയുകയാണ് വേണ്ടതെന്നും താനല്ല മറുപടി നല്‍കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.