സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് ഒരു നടിയെ കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പിന്നാലെ താന്‍ അത് പിന്‍വലിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഭാഗമായി നൃത്തം ചിട്ടപ്പെടുത്താന്‍ സ്‌കൂള്‍ കലോത്സവത്തിലൂടെ ശ്രദ്ധ നേടിയ ഒരു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിന് പിന്നാലെ ആശ ശരത്ത്, നവ്യ നായര്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയായിരുന്നു.
ആരാണ് ആ നടി എന്നാണ് പലരും അന്വേഷിച്ചത്. എന്നാല്‍ താന്‍ കഴിഞ്ഞ വര്‍ഷം പ്രതിഫലമൊന്നും വാങ്ങാതെയാണ് നൃത്തം ഒരുക്കിയതെന്ന് വ്യക്തമാക്കി ആശ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതില്‍ തെറ്റില്ല എന്നാണ് ആശ ശരത്ത് പറയുന്നത്.
അത് വ്യക്തിപരമായ കാര്യമാണ്. ഞാന്‍ കാണുന്ന രീതിയിലായിരിക്കില്ല വേറൊരാള്‍ ഒരു കാര്യത്തെ കാണുന്നത്. വേതനം ചോദിച്ചത് തെറ്റാണെന്ന് പറയാനാകില്ല. ചെയ്യുന്ന ജോലിയുടെ വേതനം അവകാശമാണ്. സിനിമയ്ക്കും ഡാന്‍സിനുമെല്ലാം കലാകാരന്മാര്‍ തന്നെയാണ് അവരുടെ വേതനം എത്രയെന്ന് നിശ്ചയിക്കുന്നത്.
അത് ആ ജോലികളുടെ മാത്രം പ്രത്യേകതയാണ്. ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ ഇത്ര രൂപ വേണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. വേറൊരു ജോലിയിലും ഇല്ലാത്ത അവകാശമാണത്. ഏത് കലാകാരിയാണ് 5 ലക്ഷം രൂപ ചോദിച്ചതെങ്കിലും അവരെ കുറ്റം പറയാന്‍ പറ്റില്ല എന്നാണ് ആശ പറയുന്നത്.