റിസപ്ഷനിസ്റ്റിനോട് മാസ്‌ക് മാറ്റി ചിരിച്ചുകളിച്ച് സംസാരിച്ചു ; ഇന്‍ഷുറന്‍സ് കമ്പനി സിഇഒയുടെ കൊലയാളിയെ കണ്ടെത്താന്‍ പൊലീസിന് നിര്‍ണ്ണായകമായത് ആ ചിത്രം
യുഎസ് ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് സിഇഒയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. 26 കാരനായ ലൂയിജി മാഞ്ചിയോണി എന്നയാളാണ് പിടിയിലായത്. പെന്‍സില്‍വാനിയയിലെ ആല്‍ട്ടൂണയില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തോക്കും വ്യാജരേഖകളും കണ്ടെടുത്തു. പ്രതിക്കായി രാജ്യവ്യാപകമായി തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പൊലീസ്.
പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത് നിര്‍ണായകമായ ഒരേയൊരു തെളിവിന്റെ അടിസ്ഥാനത്തിലാണ്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാഞ്ചിയോണി വ്യാജരേഖകളുമായി ന്യൂയോര്‍ക്കിലെ ഒരു ഹോസ്റ്റലില്‍ ചെക്ക് ഇന്‍ ചെയ്തിരുന്നു. ഇത് പൊലീസ് കണ്ടുപിടിച്ചതോടെ ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം, മാഞ്ചിയോണിയുടെ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു. ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് ഇയാള്‍ അവിടെയുണ്ടായിരുന്ന സ്ത്രീ റിസപ്ഷനിസ്റ്റിനോട് സംസാരിക്കാനായി മാസ്‌ക് താഴ്ത്തിയിരുന്നു. ചിരിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടേയിരുന്ന ഇയാള്‍ ധരിച്ചിരുന്ന അതേ ജാക്കറ്റും വസ്ത്രങ്ങളുമാണ് കൊലപാതകസമയത്തും പ്രതി ധരിച്ചിരുന്നത്. അങ്ങനെയാണ് പൊലീസ് മാഞ്ചിയോണിയാകാം പ്രതി എന്ന നിഗമനത്തിലേക്കെത്തിയത്.
ഡിസംബര്‍ അഞ്ചിനാണ് ബ്രയാന്‍ തോംസണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. മാന്‍ഹാട്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്ത് വെച്ചായിരുന്നു തോംസണിന് വെടിയേറ്റത്. കമ്പനിയുടെ വാര്‍ഷിക നിക്ഷേപ സംഗമം നടക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം.