2000 രൂപ വായ്പയെടുത്തു, തിരിച്ചടക്കാത്തതിന് വായ്പ ലോണ്‍ ആപ്പ് ഏജന്റുമാര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി
വായ്പ ലോണ്‍ ആപ്പ് ഏജന്റുമാര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി യുവാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ആണ് ആത്മഹത്യ ചെയ്തത്. ലോണ്‍ ആപ്പില്‍ നിന്ന് 2000 രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്നായിരുന്നു വായ്പ ആപ്പ് ഏജന്റുമാര്‍ ഭാര്യ അഖിലയുടെ ചിത്രം മോര്‍ഫ് ചെയ്ത് യുവാവിന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചത്. ഇതില്‍ മാനസിക വിഷമം നേരിട്ടാണ് യുവാവ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു ദമ്പതികള്‍ വിവാഹിതരായത്.
മത്സ്യബന്ധനമായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗം. കാലവസ്ഥ പ്രതികൂലമായതോടെ കുറച്ച് മാസം നരേന്ദ്രയ്ക്ക് ജോലിക്ക് പോകാനായില്ല. ഈ സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടര്‍ന്നാണ് നരേന്ദ്ര ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പില്‍ നിന്ന് 2000 രൂപ വായ്പയെടുത്തത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആപ്പ് ഏജന്റുമാര്‍ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭാര്യ അഖിലയുടെ ചിത്രം മോര്‍ഫ് ചെയ്ത് നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു. തുക തിരിച്ചടക്കാമെന്ന് അറിയിച്ചെങ്കിലും ഭീഷണി തുടരുകയായിരുന്നു. ഭീമമായ പലിശ ആവശ്യപ്പെട്ടുകൊണ്ട് ഏജന്റുമാര്‍ പീഡനവും തുടര്‍ന്നു. ഇതോടെയാണ് ആത്മഹത്യ ചെയ്തത്.