യുവത്വത്തിന് അവസരം എന്ന പേരില്‍ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷനില്‍ മേയറാക്കിയത് ആനമണ്ടത്തരമായെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനം. കോര്‍പറേഷന്‍ ഡിവിഷനുകളില്‍ ഇപ്പോള്‍ പലയിടത്തും ബിജെപി മുന്നേറ്റമാണ്. ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പാര്‍ട്ടിക്കു ദോഷമാകുമെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞു.
തലേദിവസം വരെ നടത്തിയ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാരിയരെ 'ഉത്തമനായ സഖാവ്' ആക്കാന്‍ നോക്കിയ നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അയാളുടെ വര്‍ഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നല്‍കി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
മന്ത്രി കെബി ഗണേഷ് കുമാറിനെതിരെയും വിമര്‍ശനമുണ്ടായി. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്‌കുമാര്‍ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികള്‍ വിമര്‍ശിച്ചു. ഈ സര്‍ക്കാരില്‍ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിമതി അരങ്ങേറുന്നു. പാര്‍ട്ടിക്കാര്‍ക്കു പൊലീസ് സ്റ്റേഷനില്‍പ്പോലും നീതി കിട്ടുന്നില്ല. മറ്റു പാര്‍ട്ടിക്കാര്‍ക്കു കിട്ടുന്ന പരിഗണന പോലും പാര്‍ട്ടിക്കാര്‍ക്കില്ല.
പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിനു മുഖമില്ലാതായി. ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണ്? ആള്‍ മോശമാണെന്നു പറയുന്നില്ലെങ്കിലും പ്രകടനം പരിതാപകരമാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ വിരമിക്കല്‍ പ്രായം 75 വയസ് നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്ന നേതാക്കളെ അപ്പോള്‍ തന്നെ ഒഴിവാക്കണമെന്നും വിമര്‍ശനമുണ്ടായി.