കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. വാഹന ഉടമ സാബിത്, ജീവനക്കാരന്‍ റയീസ് എന്നിവര്‍ക്കെതിരെയാണ് നടപടി.
രണ്ടു പേര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് തന്നെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ആല്‍വിനെ ഇടിച്ച ബെന്‍സ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഇന്‍ഷുറന്‍സ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ സാബിതിന് നിര്‍ദ്ദേശം നല്‍കി. ബെന്‍സ് കാറിന്റെ ആര്‍സിയും റദാക്കും.
ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആല്‍വില്‍ മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.