'പുഷ്പ 2'വിനെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ത്ഥിനെതിരെ ഗായകന്‍ മിക സിങ്. കഴിഞ്ഞ ദിവസം പുഷ്പ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹാറിലുണ്ടായ ആള്‍ക്കൂട്ടത്തെ നടന്‍ സിദ്ധാര്‍ഥ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് മിക പ്രതികരിച്ചത്. നടനെ പരിഹസിക്കുന്നനരീതിയിലാണ് മിക സിങ് പ്രതികരിച്ചിരിക്കുന്നത്.
''ബിഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരിന്നെങ്കില്‍, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്'' എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.
ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ വാര്‍ത്തയടക്കം പോസ്റ്റ് ചെയ്തു കൊണ്ടാണ് മികയുടെ പ്രതികരണം. ''ഹലോ സിദ്ധാര്‍ഥ് ഭായ്, താങ്കളുടെ വിമര്‍ശനത്തെ തുടര്‍ന്നുണ്ടായ ഒരു നല്ല കാര്യം, ഇന്ന് മുതല്‍ ജനങ്ങള്‍ നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങി എന്നതാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു'' എന്നാണ് മികാ സിങ് പറഞ്ഞത്.