പാലക്കാട് അപകടം ; നാല് പെണ്‍കുട്ടികള്‍ക്കും കണ്ണീരോടെ വിട ചൊല്ലി നാട്, സങ്കടം അടക്കാനാവാതെ സഹപാഠികളും പ്രിയപ്പെട്ടവരും

പാലക്കാട് അപകടം ; നാല് പെണ്‍കുട്ടികള്‍ക്കും കണ്ണീരോടെ വിട ചൊല്ലി നാട്, സങ്കടം അടക്കാനാവാതെ സഹപാഠികളും പ്രിയപ്പെട്ടവരും
പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാടൊന്നാകെ വിടനല്‍കി. അവസാന യാത്രയിലും അവര്‍ ഒരുമിച്ചായിരുന്നു. ഉള്ളുലക്കുന്ന കാഴ്ചയാണ് പൊതുദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞത്. സങ്കടം അടക്കാനാകാതെ സഹപാഠികളും വിദ്യാര്‍ത്ഥികളും അധ്യാപകരും ബന്ധുക്കളും എല്ലാം ഒന്നാകെ വിതുമ്പി. തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചാണ് നാല് കുട്ടികളുടെയും സംസ്‌കാരം. പാണക്കാട് തങ്ങളുടെ നേതൃത്തത്തിലാണ് മൃതസംസ്‌കാര ചടങ്ങുകള്‍.

പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ ആറ് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ശേഷം മൃതദേഹങ്ങള്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. വന്‍ ജനാവലിയാണ് പെണ്‍കുട്ടികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ എത്തിയത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച്ചകളാണ്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍- സജ്ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക് -സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു.

അതേസമയം അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിന്റെയും ക്ലീനര്‍ വര്‍ഗീസിന്റെയും മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്റെ ഡ്രൈവര്‍ വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്. അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നുവെന്നും ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിതെന്നുമാണ് ആര്‍ടിഒ പറയുന്നത്.




Other News in this category



4malayalees Recommends