അധികാരമേറ്റാലുടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അമേരിക്ക സാക്ഷ്യംവഹിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഈ തീരുമാനം 18,000 ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 20നായിരിക്കും ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഇമിഗ്രേഷന്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം ശക്തമാക്കിയിട്ടുണ്ട്.
1.45 ദശലക്ഷം ആളുകളുടെ പേര് ചേര്‍ത്തുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസില്‍ കഴിയുന്നത്. ഇന്ത്യയില്‍ നിന്നും ഏകദേശം 7,25,000 ആളുകളാണ് യുഎസിലുള്ളത്. ഇക്കഴിഞ്ഞ നവംബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 17,940 ഇന്ത്യക്കാരാണ് നാടുകടത്തല്‍ കാത്തിരിക്കുന്നത്. കൂടുതലും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ആണെന്നാണ് സൂചന.
കണക്കുകള്‍ പ്രകാരം യുഎസില്‍ മെക്സിക്കന്‍ കുടിയേറ്റക്കാരാണ് ഏറ്റവുമധികമുള്ളത്. രണ്ടാമത് എല്‍ സാല്‍വഡോറും മൂന്നാമത് ഇന്ത്യയുമാണ്. രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്ക തിരിച്ചയച്ചിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1100-ഓളം ഇന്ത്യക്കാരെ യു എസ് തിരികെ അയച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയായിരുന്നു നടപടി.