മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണം; ടെക്കി ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യക്ക് സമന്‍സ്

മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണം; ടെക്കി ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യക്ക് സമന്‍സ്
ടെക്കി ജീവനൊടുക്കിയ സംഭവത്തില്‍ ചോദ്യംചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ഭാര്യ നിഖിതക്ക് പൊലീസ് സമന്‍സ് അയച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിഖിതയെ കൂടാതെ, അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ച അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നടപടി. നിഖിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

നിഖിത ഒളിവിലാണെന്നുളള വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ ഇവര്‍ ഒളിവില്‍ പോയതായി ബെംഗളൂരു പൊലീസ് അറിയിച്ചിരുന്നു. മരിച്ച അതുല്‍ സുഭാഷിന്റെ പേരില്‍ ഭാര്യ സ്ത്രീധന പീഡനവും മര്‍ദനവും ആരോപിച്ച് പരാതി നല്‍കിയിരുന്നു.

24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ദ്രോഹിച്ചു എന്നായിരുന്നു അതുലിന്റെ ആരോപണം. തന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും അതുല്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയേയും അവരുടെ കുടുംബത്തേയും മൃതദേഹത്തിനരികില്‍ പ്രവേശിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എല്ലാവരും ചേര്‍ന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയില്‍ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുല്‍ സുഭാഷ്.

Other News in this category



4malayalees Recommends