പരിഹാസത്തിന് മറുപടി പരിഹാസം തന്നെ ; സ്മിത്ത് വീണതിന് പിന്നാലെ ഓസീസ് ആരാധകരെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ച് വിരാട് കോലി

പരിഹാസത്തിന് മറുപടി പരിഹാസം തന്നെ ; സ്മിത്ത് വീണതിന് പിന്നാലെ ഓസീസ് ആരാധകരെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ച് വിരാട് കോലി
സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ആരാധകരെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ച് ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് പന്ത് ചുരണ്ടിയല്ല വിക്കറ്റ് വീഴ്ത്തിയതെന്ന് കാണിക്കാനായി ഓസീസ് ആരാധകര്‍ക്ക് നേരെ പാന്റ്‌സിന്റെ ഇരു പോക്കറ്റുകളിലും കൈയിട്ട് അതിനകത്ത് ഒന്നുമില്ലെന്നും കാലിയാണെന്നും കോലി ആംഗ്യം കാണിച്ചത്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര പരിക്കുമൂലം പന്തെറിയാന്‍ ഇറങ്ങാത്ത സാഹചര്യത്തിലാണ് വിരാട് കോലി ഇന്ത്യയെ നയിക്കുന്നത്.

2018ല്‍ ദക്ഷിണാഫ്രികക്കെതിരായ ടെസ്റ്റില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടി കൃത്രിമം കാണിച്ചതിന് ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ഒരുവര്‍ഷത്തേക്കും ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും വിലക്കിയിരുന്നു. ഡേവിഡ് വാര്‍ണര്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ സ്ഥാനത്ത് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സ്മിത്തിന് പിന്നീട് ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചു നല്‍കിയില്ല. സിഡ്‌നി ടെസ്റ്റില്‍ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ നില്‍ക്കെയാണ് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത് യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നല്‍കി മടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിലായി വിരാട് കൊഹ്ലിക്ക് നേരെ ആരാധകരും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും വലിയ രീതിയില്‍ പരിഹാസം ഉയര്‍ത്തിയിരുന്നു. ഇതിന് ഗ്രൗണ്ടില്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.

Other News in this category



4malayalees Recommends