കാനഡയെ യുഎസില്‍ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് മറുപടിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡയെ യുഎസില്‍ ലയിപ്പിക്കുന്നതിന്റെ നേരിയ സാധ്യത പോലും നിലനില്‍ക്കുന്നില്ല എന്ന് ട്രൂഡോ പറഞ്ഞു. എക്സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം.
'നോട്ട് എ സ്‌നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്‍' (Not a nsowball's chance in hell) എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ യുഎസ്-കാനഡ ലയന നിര്‍ദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. 'ഒരിക്കലും നടക്കാത്ത കാര്യം' എന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഈ ശൈലിയുടെ അര്‍ഥം.
'വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുന്നു' - എന്നും ജസ്റ്റിന്‍ ട്രൂഡോ കുറിച്ചു.
കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ട്രൂഡോ രാജി വെച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ട്രൂഡോ രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ട്. 2015 മുതല്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാര്‍ട്ടിയിലെ വിമതനീക്കത്തെ തുടര്‍ന്നാണ് സ്ഥാനം രാജിവച്ചത്. പുതിയ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി ട്രൂഡോ തുടരും.