തിരുപ്പോരൂര്‍ കന്ദസ്വാമി ക്ഷേത്രത്തിലെ ഹുണ്ടികയില്‍ കാണിക്കയിടുന്നതിനിടെ അബദ്ധത്തില്‍ വീണുപോയ ഐഫോണ്‍ ഒടുവില്‍ ഭക്തന് തിരികെ കിട്ടി. ദേശീയ തലത്തിലടക്കം വലിയ വാര്‍ത്തയായ സംഭവത്തില്‍ ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ദിനേശിന് ഫോണ്‍ ലഭിച്ചത്.
ഉടമയായ ദിനേശ് ഫോണിനായി ബുധനാഴ്ച ക്ഷേത്രത്തിലെത്തി. എന്നാല്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമപ്രകാരം ലേലത്തില്‍ മാത്രമേ ഐഫോണ്‍ കൈമാറാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഫോണ്‍ ലേലത്തില്‍ വച്ചത്. തുടര്‍ന്ന് പ്രത്യേക ലേലത്തില്‍ 10,000 രൂപ നല്‍കി വിനായകപുരം സ്വദേശിയായ ദിനേശ് ഫോണ്‍ വീണ്ടും സ്വന്തമാക്കി.
കാണിക്കയില്‍ വീഴുന്നതെല്ലാം ഭഗവാനുള്ളതെന്നും ലേലത്തിലൂടെ മാത്രമേ എന്തും കൈമാറാനാകൂ എന്നുമാണ് ദേവസ്വം ചട്ടം. അതിനാലാണ് ലേലം നടത്തിയത്. ഫോണ്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്ന് തുടക്കത്തില്‍ നിലപാടെടുത്ത ക്ഷേത്രം അധികൃതര്‍, ദേവസവം മന്ത്രി ശേഖര്‍ ബാബു ഇടപെട്ടത്തോടെയാണ് വഴങ്ങിയത്. കഴിഞ്ഞവര്‍ഷം കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ ആണ് ദിനേശിന്റെ ഫോണ്‍ അബദ്ധത്തില്‍ ഹുണ്ടികയില്‍ വീണത്.
ഷാര്‍ട്ടിന്റെ പോക്കറ്റില്‍ വച്ചിരുന്ന ഫോണ്‍ പണം എടുക്കുന്നതിനിടയില്‍ നേര്‍ച്ചപ്പെട്ടിയിലേക്ക് വീഴുകയായിരുന്നു. നഷ്ടമായ അന്ന് തന്നെ അധികൃതരുമായി വിവരം സംസാരിച്ചിരുന്നെങ്കിലും ഇതിനായി നേര്‍ച്ചപ്പെട്ടി തുറക്കാനാവില്ലെന്നും തുറക്കുന്ന സമയത്ത് വിഷയം പരിഗണിക്കാമെന്നും അധികൃതര്‍ വിശദമാക്കി. എന്നാല്‍ ഭണ്ഡാരം തുറന്ന സമയത്ത് അധികൃതര്‍ ഐഫോണ്‍ തിരികെ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.