നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കണമെങ്കില്‍ 30,000 ദിര്‍ഹം ഫീസ്

നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കണമെങ്കില്‍ 30,000 ദിര്‍ഹം ഫീസ്
ഷാര്‍ജയില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ ഉടമയ്ക്ക് വിട്ടുകിട്ടണമെങ്കില്‍ നിശ്ചിത തുക ഫീസ് നല്‍കണമെന്ന് അധികൃതര്‍. ട്രാഫിക് ലംഘനത്തിന്റെ ഗൗരവത്തിന് അനുസൃതമായി അടക്കേണ്ട ഫീസും വര്‍ധിക്കും. ചില കേസുകളില്‍ 30,000 ദിര്‍ഹം വരെ നല്‍കിയാലേ വാഹനം വിട്ടുകിട്ടൂ എന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ 2025 ലെ ഒന്നാം നമ്പര്‍ തീരുമാനത്തെ തുടര്‍ന്നാണിത്.

അശ്രദ്ധമായ ഡ്രൈവിങ് മൂലം ആളുകളുടെയും സ്വത്തിന്റെയും സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ നിയമപരമായ കണ്ടുകെട്ടല്‍ കാലാവധി അവസാനിച്ചാല്‍ തിരികെ നല്‍കാനാണ് തീരുമാനമെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. പൊതുനിരത്തുകളില്‍ ലൈസന്‍സില്ലാത്ത ഇരുചക്ര വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും ഓടിക്കുന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും ഗൗരവമുള്ള നിയമ ലംഘനമായി കണക്കാക്കിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ ബൈക്കുകള്‍ വിട്ടുകിട്ടുന്നതിന് ഏറ്റവും വലിയ ഫീസായ 30,000 ദിര്‍ഹം നല്‍കണം. എങ്കില്‍ മാത്രമേ പിടിച്ചെടുക്കല്‍ കാലാവധി കഴിഞ്ഞ ശേഷം അത് തിരിച്ചു ലഭിക്കുകയുള്ളൂ.

ആളുകളുടെ ജീവന്‍ അപകടത്തിലാക്കും വിധത്തില്‍ പൊതു റോഡുകളില്‍ വാഹനം ഉപയോഗിച്ച് റേസിങ് നടത്തിയതിന് പിടിക്കപ്പെട്ട വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ ദിര്‍ഹം 20,000 ദിര്‍ഹം നല്‍കണം. പൊതു അല്ലെങ്കില്‍ സ്വകാര്യ സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന രീതിയില്‍ വാഹനമോടിച്ച കേസുകളില്‍ 15,000 ദിര്‍ഹം, മണിക്കൂറില്‍ 200 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയില്‍ വാഹനമോടിച്ച കേസുകളില്‍ 10,000 ദിര്‍ഹമുമാണ് വാഹനം തിരികെ ലഭിക്കാന്‍ നല്‍കേണ്ടത്.

Other News in this category



4malayalees Recommends