ഫ്രിഡ്ജില്‍ യുവതിയുടെ മൃതദേഹം; ആറ് മാസം പഴക്കമെന്ന് പൊലീസ്; കൂടെ താമസിച്ചിരുന്ന 44 കാരനായ യുവാവ് അറസ്റ്റില്‍
മധ്യപ്രദേശില്‍ യുവതിയെ കൊലപ്പെടുത്തി 6 മാസത്തിലധികമായി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച പ്രതി പിടിയില്‍. 44 കാരനായ സഞ്ജയ് പാട്ടീദാര്‍ ആണ് അറസ്റ്റിലായത്. അഞ്ച് വര്‍ഷമായി കൂടെ താമസിച്ചിരുന്ന പങ്കാളി പ്രതിഭ പ്രജാപതി(30)യെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ഇന്‍ഡോറിലെ വാടക വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വാടക വീട്ടിലെ പുതിയ അന്തേവാസി ബല്‍ബീര്‍ രജ്പുത്ത് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
സാരിയും ആഭരണങ്ങളും ധരിച്ച്, കഴുത്തില്‍ കുരുക്കിട്ട് കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സഞ്ജയ് പാട്ടീല്‍ വിവാഹിതനാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്‍ഡോറിലെ വാടകവീട്ടില്‍ പ്രതിഭക്കൊപ്പം താമസിച്ചുവരികയായിരുന്നു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതോടെ പ്രതിഭയെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ്‌പൊലീസിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍, സുഹൃത്തായ വിനോദ് ദവെയുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതിഭയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇയാള്‍ വാടക വീട്ടില്‍ നിന്ന് താമസം മാറ്റി. ഫ്രിഡ്ജ് വെച്ചിരുന്ന മുറി ഉള്‍പ്പെടെ ഇയാള്‍ കൈമാറിയിരുന്നില്ല. ചില സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം മുറി വിട്ട് നല്‍കാം എന്നായിരുന്നു ഇയാള്‍ വീട്ടുടമയോട് പറഞ്ഞത്. ഇതിന് ശേഷം ബല്‍ബീര്‍ രജ്പുത്ത് ഇവിടെ താമസത്തിനെത്തി. ദുര്‍ഗന്ധം വമിച്ചതോടെ മുറി തുറന്ന്പരിശോധിക്കണമെന്ന് ഇയാള്‍ വീട്ടുടമയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു