ധന്‍ബാദിലെ പ്രസിദ്ധമായ ഒരു സ്വകാര്യ പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പെന്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത 80 ഓളം പെണ്‍കുട്ടികളോട് ഷര്‍ട്ട് ഊരി മാറ്റി ബ്ലെയ്‌സര്‍ മാത്രം ധരിച്ച് വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ് പരാതി. പത്താം ക്ലാസിലെ പെണ്‍കുട്ടികളോടാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ ഷര്‍ട്ടില്ലാതെ ബ്ലെയ്‌സര്‍ മാത്രം ധരിച്ചാണ് വീട്ടിലെത്തിയതെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തി.
പെന്‍ ദിനാഘോഷത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ ഷര്‍ട്ടില്‍ സന്ദേശങ്ങള്‍ എഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷര്‍ട്ട് ഊരിമാറ്റാന്‍ നിര്‍ദേശിച്ചതായും ബ്ലെയ്‌സറുകള്‍ മാത്രം ധരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ പറയുകയും ചെയ്തു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയെന്ന് ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) മാധ്വി മിശ്ര പറഞ്ഞു.
പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് കുട്ടികള്‍ പരസ്പരം ഷര്‍ട്ടുകളില്‍ സന്ദേശങ്ങളും കുത്തിക്കുറിക്കലുകളും നടത്തിയതെന്നാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ ആഘോഷത്തെ എതിര്‍ത്ത പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളോട് ഷര്‍ട്ട് അഴിച്ചുമാറ്റാന്‍ പറയുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ക്ഷമാപണം നടത്തിയിട്ടും ഷര്‍ട്ട് മാറ്റി ബ്ലെയ്‌സര്‍ ഇട്ടാണ് പെണ്‍കുട്ടികള്‍ വീട്ടിലെത്തിയതെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടികളുമായും സംസാരിച്ചിട്ടുണ്ടെന്നും വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ,വിഷയം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സമിതി. സംഭവം ലജ്ജാകരവും ദൗര്‍ഭാഗ്യകരവുമാണ് ജാരിയ എംഎല്‍എ രാഗിണി സിംഗ്
പറഞ്ഞു.