റീല്‍സിനായി ഓടുന്ന ബൈക്കില്‍ റൊമാന്‍സ് ; കേസെടുത്ത് പൊലീസ്
അപകടകരമായി വാഹനമോടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് കാണ്‍പൂര്‍ പോലീസ് ദമ്പതികള്‍ക്കെതിരെ കേസെടുത്തു. വീഡിയോ എല്ലാ ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
നവാന്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാണ്‍പൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവമെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ പങ്കാളിയെ പുറം തിരിച്ച് ബൈക്കിന്റെ ഇന്ധന ടാങ്കിന് മുകളില്‍ ഇരുത്തി കൊണ്ടാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്ന് മാത്രമല്ല യുവതി മുമ്പില്‍ ഇരിക്കുന്നതിനാല്‍ ബൈക്ക് ഒടിക്കുന്നയാള്‍ക്ക് റോഡ് കാണാന്‍ കഴിയുന്നില്ല എന്നതും വ്യക്തം. വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെയാണ് ഇരുവര്‍ക്കും എതിരെ പോലീസ് കേസെടുത്തത്. വീഡിയോയ്ക്ക് വേണ്ടി എന്ന് എപ്പോഴാണ് ഷൂട്ട് നടന്നത് എന്നത് സംബന്ധിച്ച് കൃത്യമായ തീയതിയും സമയവും അധികൃതര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാണ്‍പൂര്‍ പോലീസിനെ ടാഗ് ചെയ്തുകൊണ്ട് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. പോസ്റ്റിനോട് പ്രതികരിച്ച പോലീസ് തങ്ങളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മറുപടി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ കാണ്‍പൂരിലെ ആവാസ് വികാസ് പ്രദേശത്താണ് വീഡിയോയില്‍ ഉള്ള യുവാവ് താമസിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് ട്രാഫിക് നിയമലംഘനങ്ങളുടെ ചരിത്രം ഉണ്ടെന്നും കുറഞ്ഞത് 10 പിഴകളെങ്കിലും ഇയാളുടെ പേരില്‍ ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്.