സൗദിയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടപ്പെട്ട 10,000ത്തിലേറെ പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അധികൃതര്‍ നാടുകടത്തി. കഴിഞ്ഞ ആഴ്ച മാത്രം 19,418 പേര്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജനുവരി ആദ്യ ആഴ്ചയില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.
വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാനിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുകയായിരുന്ന 10,319 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയത്. അറസ്റ്റിലായവരിലും നാടുകടത്തപ്പെട്ടവരിലും നിരവധി ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,787 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 4,380 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,251 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടികൂടപ്പെട്ടത്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,221 പേരെ സുരക്ഷാ അധികൃതര്‍ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. ഇവരില്‍ 56 ശതമാനം എത്യോപ്യക്കാരും 42 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.